ബര്‍ലിന്‍: ജര്‍മനിയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്‍ഡിയുടെ (Bundensachrichtendienst BND) മുന്‍ മേധാവി അഗസ്റ്റ് ഹാനിംഗ് ( 80) ചാരവൃത്തിക്കും രാജ്യദ്രോഹക്കുറ്റത്തിനും അറസ്റ്റിലായി. ജര്‍മൻ രഹസ്യാന്വേഷണ ചരിത്രത്തെത്തന്നെ പിടിച്ചുകുലുക്കിയ നാടകീയമായ നീക്കത്തില്‍, ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസ് (BKA) സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ മുന്സ്റ്ററിനടുത്തുള്ള നോര്ഡ്വാള്ഡെയിലെ വസതിയില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഇദ്ദേഹത്തോടൊപ്പം ബിഎന്ഡിയിലെ മറ്റൊരു മുന്‍ ഉന്നത ഉദ്യോഗസ്ഥനായ മാന്‍ഫ്രെഡ് ഡി.യെ ബവേറിയയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഹാനിംഗിന്റെ മുന്‍ ഓഫീസ് മേധാവിയായിരുന്ന മാന്‍ഫ്രെഡ് ഡി. 2026 വസന്തകാലം വരെ ബി.എന്‍.ഡിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ആളാണ്. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ജനറലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ഔദ്യോഗിക രഹസ്യങ്ങള്‍ പണം നല്കി വാങ്ങി; വിദേശ ശക്തികള്‍ക്ക് ചോര്‍ത്തിയെന്ന് സംശയം
രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തല്‍, രാജ്യദ്രോഹം, വിദേശ ശക്തികള്‍ക്ക് വേണ്ടി ചാരവൃത്തി നടത്തല്‍ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബി.എന്‍.ഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മാന്‍ഫ്രെഡ് ഡിയില്‍ നിന്ന് പണം നല്കി ഹാനിംഗ് അതീവ രഹസ്യ വിവരങ്ങള്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി.
ജര്‍മന്‍ ചാന്‍സലര്‍ ഓഫീസിലെ ഉന്നതതല രഹസ്യാന്വേഷണ അവലോകനത്തിനായി തയ്യാറാക്കിയ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ത്തിയത്. തന്റെ അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ബിസിനസിന്റെ ഭാഗമായി ഈ വിവരങ്ങള്‍ മറിച്ചുവില്‍ക്കാനായിരുന്നു ഹാനിംഗിന്റെ പദ്ധതിയെന്നാണ് പ്രാഥമിക വിവരം. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും ക്രെംലിനിലെ കേന്ദ്രങ്ങളുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബ്ലോക്ക് കേസ് അന്വേഷണത്തില്‍ വീണ തുമ്പ്; സാമ്പത്തിക പ്രതിസന്ധിയും കാരണമായി
ഹാംബര്‍ഗ് സംരംഭക ക്രിസ്റ്റീന ബ്ലോക്കിന്റെ മക്കളെ തട്ടിക്കൊണ്ടുപോയെന്ന കേസിലെ അന്വേഷണത്തിനിടയിലാണ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള വിവരച്ചോര്‍ച്ചയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന രഹസ്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് രാജ്യദ്രോഹത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കൂടാതെ, ബാള്‍ട്ടിക് രാജ്യത്തിലെ ഒരു ബാങ്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഹാനിംഗിന്റെ സര്‍ക്കാര്‍ പെന്ഷന് വര്‍ഷങ്ങളായി കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടിയിരിക്കുകയായിരുന്നു. ഗുരുതരമായ സാമ്പത്തിക ബാധ്യതകളാണ് മുന്‍ ഇന്റലിജന്‍സ് മേധാവിയെ ഇത്തരം നിയമവിരുദ്ധ ഇടപാടുകളിലേക്ക് നയിച്ചതെന്നാണ് നിഗമനം.
1998 മുതല്‍ 2005 വരെ ബി.എന്‍.ഡി അധ്യക്ഷനായിരുന്ന അഗസ്റ്റ് ഹാനിംഗ്, പിന്നീട് വുള്‍ഫ്ഗാങ് ഷോയ്ബിള് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ജര്‍മനിയുടെ സുരക്ഷാ ഏജന്‍സികളുടെ പരമോന്നത തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറസ്ററിലായ ഇരുവരേയും കാള്‍സ്റൂഹിലെ ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കും. ജര്‍മനിയുടെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം യൂറോപ്യന്‍ രാഷ്ട്രീയ മേഖലയില്‍ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.